Discount Days! Save upto 25% Each Tuesday

ലളിതമായ ഭാഷയില്‍ സാരാംശങ്ങള്‍ അടങ്ങുന്ന ഒരു കൂട്ടം കവിതകളാണ് ഫാത്തിമാ സജയുടേത്. കെട്ട കാലത്തോട് കലഹിക്കുന്നതും നിത്യജീവിതത്തില്‍ തനിക്ക് ചുറ്റും നടക്കുന്ന നീതിമുക്തമായ കാഴ്ചകള്‍ കാണുമ്പോള്‍ തന്റെ നിഷ്‌കളങ്കമായ ഹൃദയത്തിനുണ്ടാകുന്ന നോവുകളും പ്രതിഷേധങ്ങളുമാണ് കവിതകളായി രൂപപ്പെട്ടിട്ടുള്ളത്.

‘മാലാഖയുടെ അകക്കണ്ണ്’
എന്ന പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ജീവിത യാഥാര്‍ത്ഥ്യങ്ങളെയും ചുറ്റുപാടില്‍ അരങ്ങേറുന്ന ഇലയനക്കങ്ങളേയും അകക്കണ്ണ് തുറന്നു കാണുന്നതില്‍ കവയത്രി വിജയിച്ചിട്ടുണ്ട്.

ജീവിത പ്രയാണത്തില്‍ മറ്റുള്ളവര്‍ക്ക് വേണ്ടി സ്വന്തം സ്വന്തം വികാരങ്ങളെ അടക്കിവെക്കാന്‍ നിര്‍ബന്ധിതരായി പലവിധവേഷങ്ങള്‍ അണിയേണ്ടിവരുന്ന സ്ത്രീ ജന്മങ്ങളുടെ നിസ്സഹായാവസ്ഥയെ സംബന്ധിച്ച് അവള്‍ എന്ന കവിതയില്‍ പറയുന്നുണ്ട്.

ജീവിതമെന്ന പാലത്തിലൂടെ
പല ഭാവങ്ങളാല്‍
അവളൊരു പുഴ പോല്‍ ഒഴുകിടുന്നു

ഉള്ളില്‍ കാര്‍മേഘങ്ങള്‍ ആര്‍ത്തിരമ്പുമ്പോഴും
അവളില്‍ പുഞ്ചിരി മാത്രം.

അകത്തളങ്ങളില്‍ രാപകലെന്നില്ലാതെ
മറ്റുള്ളവരാല്‍ എരിഞ് തീരേണ്ടി വന്ന ഒരു ജന്മം

എത്രയെത്ര ഇഷ്ടങ്ങളാണ്
ആ എരിയുന്ന തീയില്‍
എരിഞ്ഞമര്‍ന്നത്?.

സുഖസൗകര്യങ്ങളുടെ ധാരാളിത്തത്തില്‍ മതിമറന്ന് പലതിന്റെയും മൂല്യമറിയാതെ പോകുന്നവര്‍ക്കിടയില്‍ ഒന്നുമില്ലായ്മയില്‍ ജീവിക്കുന്നവര്‍ക്ക് ലഭിക്കുന്ന കുഞ്ഞു കാര്യങ്ങളിലെ വലിയ സന്തോഷങ്ങളെ കുറിച്ചാണ്
ഒറ്റ ചെരുപ്പ് എന്ന കവിതയില്‍ പറഞ്ഞു വയ്ക്കുന്നത്.

ചീറിപ്പായുന്ന വാഹനങ്ങള്‍ അവനെ നോക്കി ഇളിച്ചു കാട്ടി പൊടുന്നനെ ദൃഷ്ടിയിലായ് തെളിഞ്ഞ ഇണയകന്ന ഒറ്റ ചെരുപ്പ്.

അഴുകിയൊലിച്ച ഓടക്കരികില്‍ കമിഴ്ന്നു കിടക്കുന്നു
സ്വര്‍ഗം കണ്ട പ്രതീതിയില്‍
അതെടുത്തണിഞ്ഞു
ആനന്ദത്തില്‍ അവന്‍ നടന്നകന്നു.

അടിച്ചേല്‍പ്പിക്കലിന്റെയും ഭീകരതയുടേയും വസ്ത്രമായി ഒരു കൂട്ടം ആളുകള്‍ നിഖാബിനെ ചിത്രീകരിക്കുമ്പോള്‍ താന്‍ അനുഭവിച്ചറിഞ്ഞ നിഖാബിന്റെ വിശുദ്ധിയേയും അതിനുള്ളിലെ സുരക്ഷിത ബോധത്തേയും കുറിച്ചാണ് ‘നിഖാബ്’എന്ന കവിതയിലൂടെ കവയത്രി പറയുന്നത്.

ആ കറുപ്പ് മൂടുപടത്തില്‍ അവള്‍ സുരക്ഷിതയാണ്
മറ്റുള്ളവരുടെ ശ്രദ്ധ
അവള്‍ താത്പര്യപ്പെടുന്നില്ല.

സ്വമേധയാ തിരഞ്ഞെടുത്ത വസ്ത്ര സ്വാതന്ത്രത്തിനെതിരെ ആക്ഷേപങ്ങള്‍ അഴിച്ചുവിട്ട് കലിതുള്ളുന്നവരോടുള്ള എഴുത്തുകാരിയുടെ ന്യായാര്‍ഹമായ വായടപ്പന്‍ ചോദ്യവും, പ്രതിഷേധവും എടുത്ത് കാട്ടുന്ന വരികളാണ്.

അവള്‍ക്കില്ലാത്ത
അങ്കലാപ്പെന്തിന്
മറ്റുള്ളവര്‍ക്ക്?.

അവകാശമാണ്
ഒരാളുടെയും ഔദാര്യമല്ല…!

ജീവിതത്തിലെ വിജയ ഘട്ടങ്ങളിലേക്ക് നടന്നടുക്കാന്‍ നമ്മളില്‍ സ്വാധീനം ചെലുത്തുന്നവരില്‍ പ്രധാനികളായ ഗുരുക്കന്മാരുടെ പ്രാധാന്യം വിളിച്ചോദിക്കുന്ന വരികളാണ് ‘ഗുരു’ എന്ന കവിതയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

മധുരമീ ഓര്‍മ്മകള്‍ സൃഷ്ടിച്ചവരാല്‍ നേടിയെടുത്ത വിദ്യയില്‍ ഇന്നിത്ര ദൂരം നടന്നുനീങ്ങി.

മാത്രമല്ല തന്റെ അഭ്യുദയങ്ങള്‍ക്കെല്ലാം ഹേതുവായത് ഗുരുക്കരുടെ ഇടപെടല്‍ കൂടിയാണെന്ന്

അവരാല്‍ സമ്മാനിച്ച
പൊന്‍തരികളാണ് ഇന്നീ തൂലിക തീര്‍ക്കുന്ന വര്‍ണ്ണനകള്‍….

എന്ന വരികളിലൂടെ എഴുത്തുകാരി പറയുന്നുണ്ട്.

ഇലാഹീ, തടവറ, എന്നീ കവിതകള്‍ ആത്മീയതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത് ഭൗതികതയില്‍ പരിസരം പറന്ന് നിര്‍ഭയം പാപങ്ങള്‍ ചെയ്തിട്ടും ഒരുതവണ പോലും ഇലാഹിലേക്ക് അവന്‍ പൊറുക്കുമോ?എന്നുള്ള സങ്കോചം മൂലം ഖേദിച്ചു മടങ്ങാന്‍ മടിച്ചു നില്‍ക്കുന്നവരെ മടങ്ങാന്‍ കൂടി പ്രേരിപ്പിക്കുന്ന വരികളാണതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

ലൗകിക സുഖങ്ങളില്‍ അഭിരമിച്ച് ജീവിതം മുമ്പോട്ട് പോകുമ്പോള്‍ പെട്ടെന്നൊരുനാള്‍ തന്റെ വികാര വിചാരങ്ങള്‍ക്ക് വിരാമമിട്ട് ഉറ്റവരേയും, ഉടയവരേയും, ദുഃഖത്തിലാഴ്ത്തി കൊണ്ടുപോകുന്ന മരണത്തെ സൂചിപ്പിക്കുന്ന വരികളാണ് എന്‍ദിനം എന്ന കവിതയിലുള്ളത്.

എനിക്കും ഒരു ദിനം ഉണ്ട്
മധുര വാക്കുകളാല്‍
വാഴ്ത്തി മൊഴിയുന്ന നാമം-
പോലും മാറിമറിയുന്നൊരു ദിനം

പറന്നകന്ന ദേഹിയെ
കാണെ എന്‍ മിഴികളടയും
പ്രിയമുള്ളവരോരോന്നായ്
എന്നിലേക്കായ്
ഓടിയെത്തി ഒരായിരം ചുംബനങ്ങള്‍ അര്‍പ്പിക്കും.

തനിക്ക്ചുറ്റുമുള്ള ദൈന്യത നിറഞ്ഞതും അനീതികളും,പ്രകൃതിയോടുള്ള അതിക്രമങ്ങളുമടങ്ങുന്ന കാഴ്ചകള്‍ കാണുമ്പോള്‍
തന്നില്‍ രൂപപ്പെട്ട ചോദ്യങ്ങളും,ചിന്തകളും,പ്രതിഷേധങ്ങളും സരളമായരീതിയില്‍ കാല്‍പനികത ചേര്‍ത്തെഴുതിയ
ഫാത്തിമാ സജയുടെ ഈ കവിതാപുസ്തകം
കവിതകളിഷ്ട്ടപ്പെടുന്നവര്‍ക്കും
തുടക്കക്കാര്‍ക്കും.
വായനയുടെ നവ്യാനുഭവം സമ്മാനിക്കുമെന്നത് തീര്‍ച്ചയാണ്
കൈപ്പട ബുക്‌സാണ് ആദ്യ പതിപ്പിന് 95 രൂപ വിലയിട്ടിരിക്കുന്ന
ഈ കവിതാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുള്ളത്..

 

  • സഈദ്  ഇറുമ്പകശ്ശേരി

 

Posted in
#Introduce

Post a comment

Your email address will not be published.

Select the fields to be shown. Others will be hidden. Drag and drop to rearrange the order.
  • Image
  • SKU
  • Rating
  • Price
  • Stock
  • Availability
  • Add to cart
  • Description
  • Content
  • Weight
  • Dimensions
  • Additional information
Click outside to hide the comparison bar
Compare